ജീവിതത്തിൽ നമ്മൾ രണ്ടു തരം ആളുകളെ ഓർത്തിരിക്കും - നമ്മൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടരെയും പിന്നെ നമ്മൾ ഏറ്റവും കൂടുതൽ വെറുത്തവരെയും. അദ്ധ്യാപകരുടെ കാര്യത്തിലും ഇത് ശരി ആണ്. നമ്മൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട, അല്ലെങ്ങിൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും സ്വാധീനിക്കുകയും ചെയ്ത അദ്ധ്യാപകരെയും പിന്നെ നമ്മളെ ഏറ്റവും കൂടുതൽ വെറുപ്പിച്ച - അത് നമ്മുടെ നല്ലതിന് വേണ്ടി
ആയിരുന്നെങ്ങിൽ കൂടെ - അദ്ധ്യാപകരെയും. ഇതിൽ രണ്ടിലും പെടാതെ അദ്ധ്യാപനവൃത്തി ഒരു തൊഴിൽ ആയി ചെയ്ത് അവനവന്റെ കർമം ചെയ്ത് മറഞ്ഞ നമ്മൾ ഓർക്കാത്ത കുറെ ആളുകളും.. നാരായണിക്കുട്ടി ടീച്ചർ ആദ്യത്തെ ഗണത്തിൽ പെടുന്ന ഒരു അദ്ധ്യാപിക ആയിരുന്നു.. ഒന്നാം ക്ലാസ്സിൽ LP സ്കൂളിന്റെ ബെഞ്ചിൽ ആരംഭിക്കുംബോൾ കണ്ട, അമ്മയേക്കാളും വാത്സല്യത്തോടെ ഞങ്ങളെ എല്ലാവരേം ഒരുപോലെ സ്നേഹിച്ച ഐശ്വര്യം നിറഞ്ഞ ആ മുഖം ഇന്ന് ജീവിതത്തിന്റെ രണ്ടാം പാതിയിൽ ഓർക്കണമെങ്കിൽ അവർക്ക് എന്തൊക്കെയോ പ്രത്യേകത ഉണ്ടായിരുന്നിരിക്കണം. നാരായണിക്കുട്ടി ടീച്ചറിന്റെ ക്ലാസ്സിൽ ആണ് തന്റെ മക്കൾ എന്നറിയുമ്പോൾ തന്നെ ഉള്ള മാതാ പിതാക്കളുടെ ആശ്വാസം അതിനു ഒരു വലിയ തെളിവ് ആണ്. എത്രയോ ആയിരങ്ങൾ അവരുടെ മുന്നിലിരുന്ന് ആ മുഖത്ത് നിന്നും അ ആ ഇ ഈ.. ഉരുവിട്ട് ജീവിത പന്ധാവിലേക്ക് അടിവച്ചു കയറി പോയിരിക്കുന്നു.. ഒരിക്കലും പേടിപ്പിക്കാത എന്നാൽ സ്നേഹത്തോടെ ശാസിക്കുന്ന വാത്സല്യത്തിന്റെ നിറകുടം ആയ ഒരു ടീച്ചറുടെ മുൻപിൽ ഇരുന്നു അധ്യന ജീവിതം തുടങ്ങിയ എല്ലാ ജീവിതങ്ങളും പുണ്യം ചെയ്തവ ആയിരിക്കണം. കുട്ടികൾക്ക് അത്രക്ക് ഇഷ്ടപ്പെട്ട ടീച്ചറിനു അറ്റൻഡൻസ് രജിസ്റ്റർ പൊതിയാൻ വേണ്ടി സോവിയറ്റ് യൂണിയൻ മാഗസിന്റെ സെൻറർ ഫോൾഡ് പേപ്പർ കൊണ്ട് കൊടുക്കാൻ ഞങ്ങൾ കൂട്ടുകാർ അന്ന് മത്സരിച്ചിരുന്നു.. സെറ്റ് സാരി ഉടുത്തു ഹരിക്കുട്ടനെ കയ്യിൽ പിടിച്ചു സ്കൂൾ മൈതനത്തൂടെ നടന്നു വരുന്ന ടീച്ചർ ഇന്നും ഓർമ്മയിൽ ഉണ്ട്. ഒരിക്കൽ സ്കൂൾ ബെൽ അടിക്കാൻ ഊഴം നോക്കി നിന്ന് കൊട്ടുവടി കൈക്കലാക്കാനുള്ള ശ്രമത്തിനിടയിൽ അത് കൈ വിട്ടു തലയിൽ വീണത് കണ്ടു ഓടി വന്നു ടീച്ചർ വെള്ളം ചേർത്ത് തല തിരുമ്മി തന്നു... എന്നിട്ട് സ്റ്റാഫ് റൂമിൽ കൊണ്ട് പോയി ഇരുത്തീട്ടു കൂജയിലെ തണുത്ത വെള്ളം കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കി തന്നു. പിന്നീടു വര്ഷങ്ങൾക്ക് ശേഷം പുരഷപ്രാപ്തി എത്തിയ കാലത്തും ഏറ്റുമാനൂർ അമ്ബലത്തിൽ വച്ച് കാണുമ്പോൾ ആ പഴയ വാത്സല്യത്തിൽ കൈ പിടിച്ചു വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ചിരുന്ന ടീച്ചർ ഒരു അപമൃത്യു സംഭവിച്ച് ഈ ലോകത്ത് നിന്നും പോയി എന്നുള്ള വാർത്ത അമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ നെഞ്ചിൽ എന്തോ ഒരു വല്യ ഖനം നിറയുന്നത് പോലെ തോന്നി.... ആയിരങ്ങളെ അക്ഷര ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയ ഞങ്ങളുടെ സ്നേഹമയി ആയ ടീച്ചറിന്റെ ഓർമ്മക്ക് മുൻപിൽ മനസ്സുകൊണ്ട് ഒരു നെയ്ത്തിരി ഇന്ന് ഈ അദ്ധ്യാപക ദിനത്തിൽ കത്തിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു....
3 Comments
|